ഓര്‍മപ്പൂവ്

Friday, June 12, 2009

സൂര്യകാന്തിപ്പൂക്കളോടെനിക്കിഷ്ടം. ഗന്ധമറിയില്ല. തൊട്ടിട്ടുമില്ല.
പനിവരുമ്പോഴെനിക്ക് അവയുടെ ഗന്ധമാണെന്ന്,‘പൂവ്’എന്നെന്നെ വിളിച്ചൊരാള്‍ പറഞ്ഞതോര്‍ക്കുന്നു.
അമ്പലത്തിലേക്കുള്ള വഴിയരികില്‍ സുഷമേച്ചിയുടെ വീടിനപ്പുറത്ത് ഒരു സ്വാമിയുടെ പൂന്തോട്ടമുണ്ടായിരുന്നു;പണ്ട്. ആദ്യമായി കാണുന്നത് അവിടെയാണ്. മുള്ളുവേലിക്കപ്പുറം,തലയെടുപ്പോടെ സൂര്യകാന്തികള്‍ വിരിഞ്ഞു നില്‍ക്കുന്നത്;ഹാ!അത് ബാല്യത്തിന്റെ ഒരു നിറഞ്ഞ കൌതുകക്കാഴ്ചയായിരുന്നു. വാടിക്കണ്ടിട്ടേയില്ല.അപ്പോഴെങ്ങും; ഒരിക്കലും..

“ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കില്‍
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കില്‍..”
എന്നുപകര്‍ത്തിയെഴുതുമ്പോള്‍, പിന്നീടറിഞ്ഞ സൂര്യകാന്തിക്ക് പുതിയ ഭാവം.

ഒരു തിങ്ങിയ മഴക്കാലത്ത് ഫെമിന ബുക്ക്സ്റ്റാളിന്റെ വരാന്തയില്‍,അയാള്‍ വെച്ചുനീട്ടിയ പുസ്തകത്തില്‍, ‘ന്റെ സൂര്യകാന്തിപ്പൂവിന്’എന്നെഴുതിയിരുന്നു.

പുതിയ നിറങ്ങള്‍.. സുഗന്ധങ്ങള്‍..കിനാവുകളില്‍ കുടകപ്പാലയും ചെമ്പകവും മാത്രം പൂത്തുലഞ്ഞുനിന്ന വര്‍ഷങ്ങള്‍...
മറന്നേപോയി..
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ മുഗള്‍ഗാര്‍ഡനില്‍ വെച്ചാണ് പിന്നീടുകാണുന്നത്.നീണ്ടൊരു നിരയില്‍ ആരെയോ പിന്തുടരുമ്പോള്‍. കണ്ടു,എന്ന് തിരിച്ചറിയുന്നതുപോലും കടന്നുപോയ ശേഷമാണ്.
ഏറ്റവും പരമമായൊരു രഹസ്യം പോലെ ഞാനതു കാത്തു;പങ്കുവയ്ക്കാനിഷ്ടപ്പെടാതെ..
ആരാണു പറഞ്ഞത് പൂവുകള്‍ ഉദ്യാനങ്ങളെ സ്നേഹിക്കുമെന്ന്?ഒരിക്കലുമില്ല.നിലനില്‍പ്പ് ഒരു വെല്ലുവിളിയാകുന്നതുകൊണ്ടുതന്നെ. നിറവും ഗന്ധവും കൊണ്ട് എന്റെ സൂര്യകാന്തി പൊരുതുന്നുണ്ടാവണം. ഒരു പൂവുമാത്രം വിരിയുന്നൊരു ഋതുവിനെ കിനാവു കാണുന്നുണ്ടാവണം...

വേലിപ്പടര്‍പ്പുകള്‍ക്കപ്പുറമുള്ള ഈ ഓര്‍മപ്പൂവിനോടെനിക്ക് വല്ലാത്ത സ്നേഹമുണ്ട്. ഇപ്പോഴറിയാം;
സൂര്യകാന്തി എന്റെ ആദ്യത്തെ പ്രണയമായിരുന്നെന്ന്.

7 comments:

വല്യമ്മായി said...

എഴുത്തിഷ്ടായി.ബ്ലോഗിലേക്ക് സ്വാഗതം.

സെറീന said...

'ഒരു പൂവുമാത്രം വിരിയുന്നൊരു
ഋതുവിനെ കിനാവു കാണുന്നുണ്ടാവണം..'
എന്ന ഒറ്റ വരിയില്‍ ഒരുപാട് സൂര്യകാന്തികള്‍..

പകല്‍കിനാവന്‍ | daYdreaMer said...

മനസ്സ് നിറയെ ചിരിച്ചു നില്‍ക്കുന്ന സൂര്യകാന്തി പൂക്കളുടെ ഇടയിലൂടെ കുളിര്‍മയുള്ള ഒരു യാത്ര..

Sanal Kumar Sasidharan said...

നന്നായി പകർത്തിയിരിക്കുന്നു

jithusvideo said...

ഏക്‌താര ആണോ എക്താര ആണോ ശരി ....'സുഗന്ധങ്ങള്‍..കിനാവുകളില്‍ കുടകപ്പാലയും ചെമ്പകവും മാത്രം പൂത്തുലഞ്ഞുനിന്ന വര്‍ഷങ്ങള്‍...' ആ മനോഹര ഓര്‍മകളില്‍ തരുമോ ഇനിയൊരു ജന്മം കൂടി ....

എക്താര said...

പകര്‍ത്തുന്നത് ജീവിതമായതുകൊണ്ടുതന്നെ മറ്റൊരാള്‍ അതെങ്ങനെ വായിക്കും എന്ന് ഭയന്നിരുന്നു.വല്യമ്മായി,സെറീന,പകല്‍കിനാവന്‍,സനാതനന്‍, ജിത്തു.. ഈ സ്നേഹത്തെ ഹൃദയത്തില്‍ സ്വീകരിക്കുന്നു. ജിത്തു, എക്താര ശബ്ദരൂപമായതുകോണ്ടുതന്നെ വിളിയിലാവും ഭംഗി ന്നു കരുതുന്നു.

naakila said...

ഭംഗിയുളള ബ്ലോഗ്
എഴുത്തും
ആശംസകളോടെ