കിനാരായുടെ കത്ത്.

Thursday, August 6, 2009

ഭദ്രേ,
നിനക്കിവിടം ചേരില്ല. ഉഷ്ണ വണ്ടിവലിഞ്ഞെത്തുന്ന ഈയിടം നിന്നെ പെട്ടന്നു മടുപ്പിക്കും. വെളുത്ത പൊടിമണ്ണിന്റെ ഈ അറഞ്ഞ ഗന്ധം എന്നെപ്പോലെ നിന്നെയും പ്രാകൃതയാക്കിയേക്കും എന്ന് ഞാന്‍ ഭയക്കുന്നു. ഇതു കൂട്ടം പിരിഞ്ഞെത്തുന്നവന്റെ ഭൂമിയാണ്. നീ കാണുന്നതും കേള്‍ക്കുന്നതും വന്യമായതെന്തിനെയൊക്കെയോ ഒളിക്കുന്നൊരു ശാന്തരൂപത്തിന്റെ പ്രതിഫലനം മാത്രം.

മരണം തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞ് ജീവിതം ആഘോഷമാക്കുന്നവരെക്കുറിച്ച് നീ കേട്ടിട്ടില്ലേ? ചെയ്യുന്നതെന്താണ് ? ലോകത്തെ വിഡ്ഢിയാക്കുക. അതിനൊരു സുഖമുണ്ട്.ഒരു രസമുണ്ട്. ഭ്രാന്തുപിടിപ്പിക്കുന്നൊരു രസം.

ഇപ്പൊഴും എന്റെ ലോകം ശൂന്യമായിട്ടില്ല. മൂന്നുപഗ്രഹങ്ങളുണ്ടിപ്പോള്‍. പതിവുകാര്‍. പാട്ടുകാരന്‍ നൈസാമലി; അവനൊരു നല്ല കവിയാണു കേട്ടോ.. (കവി! ശുദ്ധ അസംബന്ധം.) അവന്‍ എന്നെക്കുറിച്ചുമാത്രം എഴുതിത്തുടങ്ങിയിരിക്കുന്നത്രേ. നിന്നോടു പറഞ്ഞതുപോലെ ഞാന്‍ അവനോടും പറഞ്ഞു അക്ഷരങ്ങളെ സ്നേഹിക്കുന്ന പാട്ടുകാരനെ എനിക്കിഷ്ടമെന്ന്. ഗുലാമലി സാഹബാണവനിപ്പോള്‍ എനിക്കുമുന്നില്‍. ഗസല്‍ രാജാവ്. ഏതു രാഗവും കുറേ കേള്‍ക്കുമ്പോള്‍ മടുത്തേക്കും. ആവോ..
മഹാരാഷ്ട്രക്കാ‍രന്‍ ബജേഷ്. ഹുക്കവലിച്ചും മുറുക്കിയും ഇരുളുന്ന ചുണ്ടുള്ള, ഒരു നാറുന്ന മാര്‍വാടിച്ചെക്കന്‍ എന്ന് നീ കരുതണ്ട. ഇവന്‍ അനിരുദ്ധനെപ്പോലെയാണ് കാഴ്ചയില്‍. മനോഹരങ്ങളായ എണ്ണഛായാചിത്രങ്ങളുണ്ട് അവന്റെ പക്കല്‍. കൈത്തണ്ടയില്‍ പച്ചകുത്തിയൊരു കൃഷ്ണന്‍. എന്റെയൊരു നെടുനീളന്‍ എണ്ണചിത്രത്തിന്റെ പണിപ്പുരയിലാണ് കക്ഷിയിപ്പോള്‍.
മൂന്നാമനെ നീയറിയും, ധ്യാന്‍.അയാള്‍ നേരിട്ടുവരുന്ന അവസരങ്ങള്‍ കുറവാണ്. ചിലപ്പോള്‍ പൊടുന്നനെ ഒരു മഴപോലെ വന്നു പെയ്തുപോവും. നിന്റെ ആത്മീയഗുരുവിനെക്കുറിച്ചുതന്നെയാണ് കുഞ്ഞേ പറയുന്നത്. അമ്പരക്കേണ്ട. പ്രണയത്തോളം ആത്മീയമായി മറ്റെന്തുണ്ട്? അയാളെന്നെ ശരിക്കും പ്രണയിക്കുന്നുണ്ട്.

ഒരേ ഉപകരണത്തില്‍ എത്ര രാഗങ്ങള്‍! അല്ലേ? അടിസ്ഥാനപരമായി എല്ലാ പുരുഷനും ഒന്നുതന്നെ. നീ തിരയുന്നതൊഴിച്ച് മറ്റെല്ലാം അവന്‍ നിനക്കുവെച്ചുനീട്ടും,വിട്ടുപോവാതിരിക്കാന്‍. സത്യത്തില്‍ ആ തിരിച്ചറിവ് നമ്മെ അനാഥരാക്കും ഭദ്രേ. ഇവനില്‍ ഒന്നും അവശേഷിക്കുന്നില്ല എന്ന ബോധം. പിന്നീടവന്‍ ഒരു ശരീരം മാത്രമാണ്. അസ്തിത്വമില്ലാത്ത ഒന്ന്. നിന്നെ വേവിക്കാന്‍ മാത്രമുതകുന്നൊരു ശരീരം.

നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷരാകുന്ന കപ്പല്‍ യാത്രക്കാരെക്കുറിച്ച് നീ കേട്ടിട്ടില്ലേ? പ്രണയത്തില്‍ എനിക്ക് സംഭവിച്ചതതാണ്. നിദ്രകളില്‍ അനിരുദ്ധന്റെ കൈകള്‍ കടലിനടിത്തട്ടില്‍നിന്നുയര്‍ന്നുവന്ന് എന്നെ പിടിച്ചുവലിച്ചുകൊണ്ടുപോകുന്നു. ഭയന്നു വിറയ്ക്കുന്ന ദേഹത്തെ ഒടുവിലവന്‍ ഗാഢമായി ആശ്ലേഷിക്കുകയും ഉമ്മകള്‍കൊണ്ട് പൊതിയുകയും ചെയ്യുന്നു. എല്ലാ യുക്തിവിചാരങ്ങള്‍ക്കുമപ്പുറം ഞാന്‍ അപ്പോള്‍ അവന്റെ അടിമ. ആ ജഡാവസ്ഥപോലും ഞാന്‍ ആസ്വദിക്കുന്നു ഭദ്രേ. അവന്‍ നിന്റേതാണെന്ന വസ്തുതപോലും അപ്പോള്‍ നിലനില്‍ക്കുന്നില്ല.
പതിയെ ബന്ധിക്കപ്പെട്ട കൈകള്‍ നോവും. മുഖങ്ങള്‍.. എണ്ണമറ്റ മുഖങ്ങള്‍ എന്നെ നോക്കും..ചിരിക്കും..കണ്ണിറുക്കും.. നൈസാമലി, ബജേഷ്,ധ്യാന്‍.. എനിക്കിതും മടുക്കുന്നു. ജീവന്‍ പകുത്തുകൊടുത്തവന്‍ വേശ്യയെന്നു വിളിക്കുമ്പോള്‍ പ്രണയത്തിന് മുടികത്തുന്ന ഗന്ധം.

പടുകൂറ്റന്‍ കപ്പലുകളെ ‍നൊടിയിടയില്‍ ഇല്ലാതാക്കുന്ന ഒരു ത്രികോണത്താവളം. ഞാനിതുമുപേക്ഷിക്കും.
ഹൊ, ഭദ്രേ, അവന്‍ നിന്നെ സ്നേഹിക്കുന്നോ?
എന്നെക്കാളും? മറ്റാരെക്കാളും?

- കിനാരാ

2 comments:

ഛായ said...

പടുകൂറ്റന്‍ കപ്പലുകളെ ഇല്ലാതാക്കുന്ന ത്രികോണം...ബര്‍മുഡ ത്രികോണത്തിന്റെ അര്‍ത്ഥസാദ്ധ്യതകളെ ശരിക്കും മുതലെടുക്കുന്ന കഥ..
സ്ത്രീരചനകളുടെ ശക്തി വിളിച്ചോതുന്നു.ഭാവുകങ്ങള്‍ നേരുന്നു.

Jeevan said...

യാ അല്ലാ നിന്നിലുമാധികം ഞാനവനെ സ്നേഹിക്കുന്നു..............